ദൈവ വിശ്വാസിയുടെ അന്ത്യ ദിനങ്ങൾ
ഒരു വിശ്വാസിയുടെ തിരിച്ച് പോക്കിൻ്റെ ദിവസങ്ങളും ഒരു അൽപ വിശ്വാസിയുടെ തിരിച്ച് പോക്കിൻ്റെ ദിനങ്ങളും. അവ തമ്മിലുള്ള വ്യത്യാസവും അറിഞ്ഞ് കൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്.
അവൾ കർത്താവിൻ്റെ തിരുഹൃദയത്തിൻ്റെ വിശ്വസ്ഥ ദാസിയായിരുന്നു. ജീവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും കൃസ്തുവിൻ്റെ സഹനങ്ങളിൽ പങ്കാളിയായി ശാരിരികവും മാനസികവും ആയ വേദനകളെ സന്തോഷപൂർവ്വം സ്വീകരിച്ച് ആ സഹനം ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ച് ഒരു നല്ല കുടുംബിനി ആയി തൻ്റെ സ്വപ്നങ്ങളും സന്തോഷങ്ങളും തൻ്റെ മക്കൾക്കായും ഭർത്താവിനായും ബലികഴിച്ച് അവരുടെ സന്തോഷങ്ങളെ സ്വന്തം സന്തോഷമായി കണ്ട് അവരുടെ അഭിലാഷങ്ങളെ സ്വന്തം അഭിലാഷങ്ങളായി മാറ്റി സ്വയം ഉരുകി ഇല്ലാതാകുന്ന ഏതൊരു കുടുംബിനിയേയും പോലെ തന്നെ ആയിരുന്നു അവളും.
കുടുംബത്തിൻ്റെ സമ്പത്തിക പരാധീനതകളിൽ തൻ്റെ അസുഖങ്ങളും വേദനകളും ആരെയും അറിയിക്കാതെ എല്ലാം കൃസ്തുവിൻ്റെ തിരുഹൃദയത്തിന് സമർപ്പിച്ച് ഒരോ നിമിഷവും അവൻ്റെ മകളായി അവനോട് ചേർന്ന് അവൾ ജീവിച്ചു.
ഒരിക്കൽ മാത്രം അവൾ അവനോട് ഗർവ്വിച്ചു.
ഒത്തിരി തവണ കരഞ്ഞ് പ്രാർത്ഥിച്ചിട്ടും അതൊന്നും കേൾക്കാതെ തനിക്ക് മുന്നേ തൻ്റെ പ്രിയപെട്ട മകളെ അവളുടെ ചെറുപ്രായത്തിൽ കർത്താവ് തിരിച്ച് വിളിച്ചപ്പോൾ ആ അമ്മയുടെ ചങ്ക് തകർന്നു. കർത്താവും ആയുള്ള എല്ലാ കൂട്ടും വെട്ടുവാൻ അവൾ തീരുമാനിച്ചു
പിന്നീട് ഒത്തിരി നാളുകൾ പിടിച്ചു അവൾക്ക് ആ സങ്കട കടലിൽ നിന്ന് കര കയറുവാൻ.
തമ്പുരാനോട് സമരസപ്പെടുവാൻ പിന്നെയും കുറച്ച് സമയം എടുത്തു.
വീണ്ടും അവൾ കർത്താവിൻ്റെ തിരുഹൃദയത്തിൽ തൻ്റെ ആശ്വാസം കണ്ടെത്തി.
കർത്താവ് തൻ്റെ ആണി പാടുള്ള കരങ്ങൾ കൊണ്ട് അവളെ തഴുകി. തൻ്റെ തിരുഹൃദയത്തിൽ നിന്ന് കരുണയും സ്നേഹവും അവളിലേക്ക് ചൊരിഞ്ഞു.
അവൻ്റെ തിരുഹൃദയത്തിലെ മുറിവുകളെ കണ്ട് അവൾ വേദനിച്ചു അവൾ അവനെ ആശ്വസിപ്പിച്ചു. അവൻ്റെ കുരിശിൻ്റെ ഭാരം താങ്ങാൻ താനും തനിക്കാവുന്ന വിധം സഹായിക്കാം എന്ന് ഏറ്റു.
സഹനങ്ങൾ രോഗങ്ങളുടെ രൂപത്തിൽ അവളിലേക്ക് കടന്ന് വന്നു. അവൾ അത് സന്തോഷത്തോടെ സ്വീകരിച്ചു.
അസഹനീയ മായപ്പോൾ അവൾ വൈദ്യ സഹായം സ്വീകരിച്ചു. എന്നാൽ അതികം വൈകാതെ അവൾ തിരിച്ചറിഞ്ഞു വൈദ്യ സഹായം തന്നെ സുഖപെടുത്തില്ല എന്ന്.
അവൾ സന്തോഷത്തോടെ ആ സഹനം ഏറ്റെടുത്തു.
അധികം വൈകാതെ അവൾ മനസിലാക്കി താൻ ദൈവത്തിങ്കലേക്ക് മടങ്ങാൻ പോകുകയാണ് എന്ന്.
അവൾ ഭയപെട്ടില്ല മറിച്ച് തൻ്റെ മകളുടെ കല്ലറയുടെ തൊട്ടിപ്പറത്ത് തനിക്കായി ഒരു കല്ലറ അവൾ ഒരുക്കി.
എങ്കിലും പെട്ടന്ന് കടന്ന് പോകുവാൻ അവൾ തീരുമാനിച്ചിരുന്നില്ല.
തൻ്റെ ചില സ്വപ്നങ്ങൾ കൂടി പൂർത്തിയാകുന്നത് വരെയെങ്കിലും താൻ ഉണ്ടായിരിക്കണം എന്നവൾ ആഗ്രഹിച്ചു.
അതിനായി അവൾ കർത്താവിനോട് നിർബദ്ധം പിടിച്ചു.
പക്ഷെ തമ്പുരാൻ അവളെ ഒത്തിരി സ്നേഹിച്ചിരുന്നു. അവളെ തൻ്റെ തിരു ഹൃദയത്തോട് ചേർത്ത് നിർത്തുവാൻ അവൻ ആഗ്രഹിച്ചു.
എന്നാൽ അവളെ പിടിച്ചെടുക്കുവാൻ അവൻ ആഗ്രഹിച്ചില്ല. മറിച്ച് അവൾ സന്തോഷത്തോടെ പൂർണ ബോധ്യത്തോടെ തന്നെ തന്നെ അവൻ്റെ കരങ്ങളിൽ ഏൽപ്പിക്കണം എന്നവൻ ആഗ്രഹിച്ചു. അതിനായി അവൻ ക്ഷമയോടെ അവളുടെ അരികിൽ കാത്തിരുന്നു.
ദിവസങ്ങൾ കടന്ന് പോയി തൻ്റെ അസുഖം കൂടുകയാണ് എന്നവൾ മനസിലാക്കി.
മാതാവിനെയും, മാലാഖമാരെയും അവൾ സ്വപ്നം കാണുവാൻ തുടങ്ങി. തനിക്ക് മുന്നേ കടന്ന് പോയ കാരണവൻമാരെ അവൾ കാണുവാൻ തുടങ്ങി. അവരിൽ തൻ്റെ പ്രിയപെട്ട മകളും രോഗ പീംകൾ ഇല്ലാതെ തൻ്റെ വരവും കാത്തിരിക്കുന്നത് അവൾ കണ്ടു.
അവൾ തൻ്റെ സ്വപ്നങ്ങളെ കൈവിട്ടു. ഇനിയും തനിക്ക് പിടിച്ച് നിൽക്കുവാൻ സാധിക്കില്ല എന്ന് അവൾ മനസിലാക്കി.
സ്വന്തം സഹോദരങ്ങളോടും പ്രിയപെട്ടവരോടും യാത്ര പറഞ്ഞ് കർത്താവിൻ്റെയും മാതാവിൻ്റെയും കരങ്ങൾ പിടിച്ച് മറുകര കടക്കുവാൻ അവർ ഒരുങ്ങി
അവൾ തന്നെ ദൈവത്താൽ നിർബദ്ധമായി പിടിച്ചെടുക്കുവാൻ അനുവദിക്കാതെ പൂർണ മനസോടെ സ്വയം തന്നെ തന്നെ ആ സ്നേഹ പിതാവിൻ്റെ കരങ്ങളിലേക്ക് വിട്ട് കൊടുത്തു.
ശാന്തമായ മരണം. അവസാന യാത്രയിലും ആ ശാന്തതയും പുഞ്ചിരിയും അവളുടെ മുഖത്ത് നിറഞ്ഞ് നിന്നിരുന്നു.