മരണ ഭയം.
അത് വല്ലാതൊരു അവസ്ഥയാണ്. ആയിരം വട്ടം മരിച്ചു ജീവിക്കുന്നതിലും നല്ലത് ഒരു വട്ടം ധീരതയോടെ മരണത്തെ മുഖാമുഖം നോക്കി വരിക്കുന്നതാണ് ധീരന് ഉത്തമം എന്നൊക്കെ പറയും എങ്കിലും. മരണം വാതിക്കൽ വന്ന് മുട്ടി വിളിക്കുമ്പോൾ നമ്മുടെ മുട്ടിടിക്കും, എങ്ങിനെ ഇവനിൽ നിന്ന് രക്ഷപ്പെടാം എന്ന് ചിന്തിക്കും, പല വഴികൾ തേടും. 25 വയസുള്ള യുവാവും 200 വയസായ പടു കിളവരും ഇത് തന്നെ ചെയ്യും.
മനുഷ്യൻ ഓരോ നിമിഷവും ജീവിക്കുന്നത് ജീവിക്കാനല്ല മറിച്ച് മരിക്കാതിരിക്കാനാണ്.
മരണഭയം ആണ് മനുഷ്യൻ്റെ ഏറ്റവും വലിയ ഭയം.
അവൻ പറയും. എനിക്ക് മരിക്കാൻ ഭയം ഒന്നും ഇല്ല. ഞാൻ എന്നെ കുറിച്ചല്ല ഭയക്കുന്നത് എൻ്റെ ഭാര്യയേയും പിള്ളേരെയും കുറിച്ചാണ് വേവലാതി പെടുന്നത് എന്ന്. ഞാൻ ഇല്ലാതായാൽ അവർക്ക് ആരുണ്ട് എന്നൊക്കെ.
ശുദ്ധ നുണ.
ആരെല്ലാം ചത്ത് ഒടുങ്ങിയാലും താൻ ജീവനോടെ ഇരിക്കണം എന്നാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്.
ചിലർ തങ്ങളുടെ പ്രിയ പെട്ടവർ നഷ്ടപെട്ടതിൻ്റെ അഗാധത്തിൽ സ്വബോധം നഷ്ടപ്പെട്ട് മരണത്തിൻ്റെ വഴി തേടാറുണ്ട് എങ്കിലും.
അവസാന നിമിഷം എങ്ങാനും സ്വബോധം തിരിച്ച് കിട്ടിയാൽ അവനും എങ്ങിനെയെങ്കിലും രക്ഷപ്പെടുവാൻ ശ്രമിക്കും.
എവിടെ ഓടി ഒളിച്ചാലും എത്ര ഓടി ഒളിച്ചാലും ഒരു ദിവസം ഇളിച്ച് കൊണ്ട് മരണം നമ്മുടെ മുന്നിൽ വരും. അന്ന് കരഞ്ഞത് കൊണ്ടോ, കാല് പിടിച്ചത് കൊണ്ടോ ഒരു ഇളവും അവൻ തരില്ല.
നമ്മളും ഒരു പിടി ഓർമകളായി മാറും.
പിന്നീട് ആ ഓർമ്മകളും നേർത്ത് നേർത്ത് ഇല്ലാതാകും.