മരണ വെപ്രാളം
മോനേ ആശുപത്രി എത്തിയോടാ എനിക്ക് ശ്വാസം മുട്ടുന്നു ഒന്ന് വേഗം വണ്ടി വിടെഡാ, അയ്യോ കർത്താവേ, എനിക്ക് വയ്യായേ
അയാൾ വണ്ടിയുടെ വേഗം കൂട്ടി, അയാളുടെ കൈകൾ ടെൻഷൻ കാരണം വിറക്കുന്നുണ്ടായിരുന്നു
അമ്മയുടെ നെഞ്ച് നന്നായി തടവി കൊടുക്കഡീ അയാൾ ഭാര്യയോട് അലറി. അദ്ദേഹത്തിന്റെ ഭാര്യയും ചേട്ടൻ്റെ ഭാര്യയും വണ്ടിയുടെ പുറകിൽ അമ്മയും താങ്ങി ഇരിക്കുന്നുണ്ടായിരുന്നു.
വണ്ടി ഇരുട്ടിലൂടെ ചീറിപ്പാഞ്ഞു. സമയം രാത്രി 12 മണി. എങ്ങനെയെങ്കിലും ആശുപത്രി എത്തിയാൽ മതി എന്നായിരുന്നു അയാളുടെ മനസ്സിൽ. ഇടയ്ക്ക് വണ്ടി പാളിപ്പോകുന്നുണ്ടായിരുന്നു.
അവസാനം ഒരു വിധം അയാൾ ആ വണ്ടി ആശുപത്രിയിൽ എത്തിച്ചു
അവിടെ കാത്തിരുന്ന ആശുപത്രി ജീവനക്കാർ അമ്മയെ കാറിൽ നിന്ന് എടുത്ത് നേരെ അത്യാഹിത വിഭാഗത്തെ കൊണ്ടുപോയി
അപ്പോഴും ആ സ്ത്രീ ശ്വാസം കിട്ടാതെ ഞ്ഞെളിപിരി കൊള്ളുകയായിരുന്നു. ഒരിറ്റ് ശ്വാസത്തിനായി അവർ ആർത്തിയോടെ ആഞ്ഞ് വലിച്ചു. അപോഴേക്കും നഴ്സ്മാർ ഓക്സിജൻ മാസ്ക്കുമായി വന്ന് ആ സ്ത്രീയുടെ മുഖത്ത് വച്ചു. അവർ ആഞ്ഞ് ആഞ്ഞ് വലിച്ചു.
ഒരല്പ സമയം കഴിഞ്ഞപ്പോൾ ഡോക്ടർ അയാളെ വിളിച്ചു. അയാളോടായി പറഞ്ഞു.
നിങ്ങളുടെ അമ്മക്ക് സ്വയം ശ്വസിക്കാൻ സാധിക്കുന്നില്ല വെൻ്റിലേറ്ററിലേക്ക് മാറ്റണം. എന്ന്
ഒരു നിമിഷം അയാൾ ഒന്ന് ആലോചിച്ചു. പിന്നെ പറഞ്ഞു. വേണ്ട വെൻ്റിലേറ്ററിലേക്ക് മാറ്റണ്ട അല്ലാതെ അമ്മക്ക് നൽകാവുന്ന ചികിത്സ നൽകിയാൽ മതി.
അയാൾ തിരിഞ്ഞ് നടന്നു. പുറത്ത് ഉള്ള ചായ കടയിൽ കണ്ട മരകസേരയിൽ എന്ത് ചെയ്യേണ്ടൂ എന്നറിയാതെ നിർവികാരനായി അയാൾ ഇരുന്നു
ഒരു ചായ അയാൾ പറഞ്ഞു.
അയാളുടെ മനസിൽ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ മിന്നി മറഞ്ഞു.
കഴിഞ്ഞ 20 വർഷമായി ഞാൻ ഈ ഓട്ടം ഓടുന്നു. ഇടക്കിടെ അമ്മക്ക് അസുഖം വരും ശ്വാസതടസം വരും ആശുപത്രി വരെ എത്തിക്കും ശരിയാകും പിന്നെ കുറച്ച് ദിവസം കഴിഞ്ഞാൽ വീണ്ടും ഇത് തന്നെ ആവർത്തിക്കും. എത്ര നാളായി ഇത്. താൻ ഒറ്റക്കാണ് ഇത് ചെയ്യുന്നത്. ഓടി ഓടി മടുത്തു. പിന്നെ ഇതിനെല്ലാം പണചിലവില്ലേ ആരുണ്ട് സഹായിക്കാൻ അയാൾ സ്വയം പറഞ്ഞു. ശരിയാണ് അമ്മയുടെ കൈയിലുള്ള പൈസ കൊണ്ടാണ് അമ്മയുടെ കാര്യങ്ങൾ നോക്കുന്നത്. പക്ഷെ ഇത് ഇനിയും എത്ര കാലം. അമ്മക്ക് 94 വയസായി ഇനി വെൻ്റിലേറ്ററിൽ ഇട്ട് അമ്മയെ കഷ്ടപ്പെടുത്തണോ? അല്ലെങ്കിലേ ഓരോ ദിവസവും വേദന തിന്ന്തിനാണ് അമ്മ ജീവിക്കുന്നത്. മതി പോകട്ടെ എന്തിനാ ഇനിയും കഷ്ടപെടുത്തുന്നത് പോകട്ടെ. അയാൾ സ്വയം ആശ്വസിപ്പിച്ചു………..